കോവിഡ് വന്നവർക്ക് ക്യാൻസറിനെ ചെറുക്കാനാവുമോ? അടുത്തിടെ പ്രചരിച്ച വാർത്ത സത്യമോ?

അടുത്തകാലത്തായി ചില ദേശീയ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്ത വാർത്തയാണ് കോവിഡ് ക്യാന്സറിനെ ചെറുക്കുമെന്നുള്ളത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ചികഞ്ഞുകൊണ്ടിരിക്കുകയാണ് ലോകം. എം കേരള റിസേർച് സെൽ ചെയർമാനായ ഡോക്ടർ രാജീവ് ജയദേവൻ വിശദീകരിക്കുന്നു.

ലോകവ്യാപകമായി പരന്ന വാർത്തയാണ് കോവിഡ് വന്നുപോയ ഒരാളിൽ ക്യാന്സറിനെ ചെറുക്കാനുള്ള സെൽ രൂപപ്പെടുന്നുണ്ട് എന്നത്. എല്ലാവരും വിചാരിച്ചിരിക്കുന്ന കാര്യം കാൻസർ ഉള്ളവർ ആണെങ്കിൽ അത് മാറും എന്നാണ്. ചിക്കാ​ഗോയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയാണ് ഈ കാര്യം കണ്ടെത്തിയത് എന്നാണ് വാർത്ത വന്നിരുന്നത്. ദി ജേർണൽ ഓഫ് ക്ലിനിക്കൽ ഇൻവെസ്റ്റി​ഗേഷനിൽ ഈ പഠനത്തെ പറ്റിയുള്ള വിശദവിവരങ്ങൾ പ്രതിപാദിക്കുന്നുണ്ട്. എലികളിൽ നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു കണ്ടെത്തൽ ഉണ്ടായത്.

ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തെ നമുക്കൊരു ചെസ്ബോർഡ് പോലെ സങ്കൽപിക്കാം. അവിടെ ഉള്ള പല കരുക്കളിൽ ഒന്നുമാത്രമാണ് രക്തത്തിലുള്ള ശ്വേത രക്താണുക്കൾ. ഈ ശ്വേത രക്താണുക്കൾ തന്നെ പലവിധമുണ്ട്. അതിലൊന്നാണ് മോണോസൈറ്റ ആണ്.

വയുടെ എല്ലാം ധർമ്മം ശരീരത്തിലെ ആരോ​ഗ്യം സംരക്ഷിക്കുന്നതും രോ​ഗപ്രതിരോധം ഉറപ്പാക്കുന്നതുമാണ്. രക്തക്കുഴലിലൂടെ സഞ്ചരിക്കുന്ന രക്തത്തിലാണ് മോണോസൈറ്റുകൾ ഉള്ളത്. ചില പ്രത്യേക മാറ്റങ്ങൾക്ക് വിധേയപ്പെട്ടാൽ രക്തക്കുഴലുകൾക്ക് പുറത്തേക്ക് സഞ്ചരിച്ച് ക്യാൻസർ കോശങ്ങളുടെ സമീപമത്തോ അല്ലെങ്കിൽ മറ്റു ക്ഷതങ്ങൾ സംഭവിച്ച ശരീരഭാ​ഗത്ത് എത്താനോ ഇതിന് കഴിയും എന്നതാണ് പഠനങ്ങളിൽ പറയുന്നത്. ഗുരുതരമായ കോവിഡ്, ചില രാസപദാർത്ഥങ്ങളുടെ സമ്പർക്കം മുതലായ ചില പ്രത്യേക സാഹചര്യത്തിലാണ് ഇവയ്ക്ക് ഇങ്ങനെ മാറ്റം സംഭവിക്കുന്നത്.

അതായത് ഒരു തുരങ്കത്തിലൂടെ മാത്രം സഞ്ചരിക്കുന്ന വ്യക്തിക്ക്, പതിവിനു വിപരീതമായി ടണലിന് പുറത്തെത്തി പ്രധാനപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുന്നതു പോലെ ഇതിനെ പറയാം. ഇനി ക്യാൻസർ കോശങ്ങൾക്കടുത്ത് മോണോസൈറ്റ് കോശങ്ങൾ എത്തിയാൽ ചെയ്യുന്നത് നാച്യുറൽ കില്ലർ സെൽ എന്നു വിളിക്കുന്ന കോശങ്ങളെ വിളിച്ചു വരുത്തുകയാണ്. ഇവയും പ്രതിരോധ സംവിധാനത്തിൻ്റെ ഭാ​ഗം തന്നെയാണ്. വളരെ വേ​ഗത്തിൽ പ്രവർത്തിക്കാൻ ശേഷി ഉള്ളവയാണ് ഇവ. ഈ നാച്വറൽ കില്ലർ സെല്ലുകൾക്ക് ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ കഴിയുന്നു. ഇതാണ് എലികളിലുള്ള പഠനത്തിൽ കണ്ടെത്തിയത്. പക്ഷേ ഇത് മനുഷരിൽ ഫലിക്കുമോ എന്ന് ഇതുവരെ ഉറപ്പില്ല.

Leave a Comment