ധോണിയോട് മിണ്ടാറില്ല.. 10 വർഷമായി ഞങ്ങൾ പരസ്പരം സംസാരിച്ചിട്ട് – ഹർഭജൻ സിംഗ് പറയുന്നു..

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരങ്ങൾ ആണ് ഹർഭജൻ സിങ്ങും മഹേന്ദ്ര സിംഗ് ധോണിയും. ഇന്ത്യയുടെ പല നേട്ടങ്ങളിലും ഇരുവരുടേതായ സംഭാവനകൾ നാം കണ്ടതാണ്. ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ 2007 ലും 2011 ലും ലോക കപ്പ് നേടിയപ്പോൾ ആ ടീമിലെ ഒരു പ്രധാന താരമായിരുന്നു ഹർഭജൻ. അതിനുശേഷം ചെന്നൈ സൂപ്പർ കിങ്സിലും ഇരുവരും ഒപ്പം ടീമിൽ ഉണ്ടായിരുന്നു.

താൻ മഹേന്ദ്ര സിംഗ് ധോണിയുമായി സംസാരിക്കാറില്ലെന്നും, ഇപ്പോൾ സംസാരിച്ചിട്ട് ഏകദേശം 10 വർഷത്തോളമായി എന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ഹർഭജൻ. എന്തുകൊണ്ടാണ് ധോണിയുമായി സംസാരിക്കാത്തത് എന്നതിനെപ്പറ്റി ഹർഭജൻ വ്യക്തമാക്കുന്നില്ല.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു.

“ഞാൻ മഹേന്ദ്ര സിംഗ് ധോണിയുമായി സംസാരിക്കാറില്ല.ചെന്നൈ സൂപ്പർ കിംഗ്സിൽ കളിക്കുന്ന സമയത്ത് ആയിരുന്നു ഞങ്ങൾ കുറച്ചെങ്കിലും സംസാരിച്ചിരുന്നത്. അല്ലാത്തപക്ഷം ഞങ്ങൾ സംസാരിച്ചിട്ടില്ല. 10 വർഷത്തിലധികമായി ഞങ്ങൾ പരസ്പരം മിണ്ടിയിട്ടില്ല. ഇക്കാര്യത്തിൽ എനിക്കങ്ങനെ കാരണങ്ങളൊന്നുമില്ല. ഒരുപക്ഷേ ധോണിക്ക് എന്തെങ്കിലും കാരണങ്ങൾ ഉണ്ടാവും. എന്താണ് ആ കാരണങ്ങളെന്നും എനിക്കറിയില്ല. ഐപിഎല്ലിൽ ചെന്നൈ ടീമിനായി ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ആ സമയത്ത് മാത്രമാണ് ഞങ്ങൾ അല്പം സംസാരിച്ചത്. അതും മൈതാനത്ത് മാത്രം ഒതുങ്ങിനിൽക്കുന്ന സംസാരമായിരുന്നു. അതിന് ശേഷം ധോണി എന്റെ മുറിയിലേക്കോ ഞാൻ ധോണിയുടെ മുറിയിലേക്കോ എത്തി സംസാരിച്ചിട്ടില്ല.”

“ധോണിക്കെതിരെ ദേഷ്യമോ വിരോധമോ വെക്കേണ്ട യാതൊരു കാര്യവും എനിക്കില്ല. എന്തെങ്കിലും അദ്ദേഹത്തിന് എന്നോട് പറയണമെന്നുണ്ടെങ്കിൽ ധൈര്യമായി പറയാനുള്ള എല്ലാ അവകാശവും എനിക്കുണ്ട്. അങ്ങനെ എന്തെങ്കിലും ഞങ്ങൾക്കിടയിൽ പ്രശ്നമുണ്ടെങ്കിൽ അദ്ദേഹത്തിന് ഇപ്പോഴാണെങ്കിലും എന്നോട് തുറന്നു പറയാൻ സാധിക്കും. ഇതുവരെയും ഞാൻ അദ്ദേഹത്തെ കോൾ ചെയ്യാൻ ശ്രമിച്ചിട്ടില്ല. കാരണം ഞാൻ മറ്റുതരത്തിൽ ചിന്തിക്കുന്ന ആളാണ്. എന്റെ കോളുകൾ അറ്റൻഡ് ചെയ്യുന്ന ആളുകളെ മാത്രമേ ഞാൻ വിളിക്കൂ. അല്ലാതെ അനാവശ്യമായി സമയം ചെലവാക്കാൻ എനിക്ക് സാധിക്കില്ല.”- ഹർഭജൻ കൂട്ടിച്ചേർത്തു.

Leave a Comment