അവതാരിക എന്ന നിലയിൽ മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന പരിപാടിയാണ് രഞ്ജിനി ഹരിദാസ് ഏന് കേൾക്കുമ്പോൾ നമ്മുടെയെല്ലാം മനസ്സിൽ വരുന്നത്. അവതാരിക എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട രഞ്ജിനി ഹരിദാസ്, പിന്നീട് പല അവാർഡ് ഷോകളിലും അവതാരകയായി വന്നു. 2007 മുതൽ തന്റെ കരിയർ ആരംഭിച്ച രഞ്ജിനി അന്ന് മുതൽ തനിക്ക് കേൾക്കേണ്ടി വന്ന പഴികളെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിൽ മനസ്സ് തുറന്നിരിക്കുകയാണ്.
അടക്കവും ഒതുക്കവുമില്ലാ, കേരള തനിമയില്ല, ആളുകളെ കെട്ടിപ്പിടിക്കുന്ന, ഇംഗ്ലീഷ് സംസാരിക്കുന്ന, അട്ടഹസിക്കുന്ന താൻ ആളുകൾക്ക് വലിയൊരു പ്രശ്നമായിരുന്നുവെന്ന് രഞ്ജിനി തുറന്നു പറയുന്നു. അന്ന് പ്രായം കുറവായിരുന്നെന്നും, ഇതുപോലുള്ള കഴമ്പില്ലാത്ത വിമർശനങ്ങൾ കേട്ടപ്പോൾ അതൊന്നും തന്നെ ബാധിച്ചില്ലെന്നും, കാരണം താൻ വളരുന്നു വന്ന രീതി അങ്ങനെ ആണെന്നും രഞ്ജിനി പറയുന്നു. അച്ഛൻ മരിച്ച ശേഷമുള്ള തന്റെയും അമ്മയുടെയും ജീവിതം എങ്ങനെയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
രഞ്ജിനിയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു
“ഞാൻ വളരെ ലാഘവത്തോടെ നടന്നിരുന്ന ഒരാളാണ്. അവതാരകയായി വന്ന സമയത്ത് പല വിമർശനങ്ങളും കേൾക്കേണ്ടി വന്നപ്പോൾ ആദ്യം നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. പാർട്ടി ചെയ്യുന്നതുകൊണ്ട് താൻ ഒരു മോശം വ്യക്തിയാണെന്ന് പലരും പറഞ്ഞതായി കേട്ടിട്ടുണ്ട്. ഇതെല്ലാം കേട്ടത് ചെറിയ പ്രായത്തിൽ ആയതിനാൽ എനിക്കൊന്നും തോന്നിയില്ല. ഇന്ന് സോഷ്യൽ മീഡിയയിൽ ട്രോളുകൾ സാധാരണമാണ്. അതങ്ങനെ അല്ലാതിരുന്ന സമയത്ത് ഇതെല്ലാം നേരിട്ടയാളാണ് ഞാൻ. ഇപ്പോൾ എല്ലാവരെയും ടാർജറ്റ് ചെയ്യുന്നു. എന്നാൽ അന്നത് ഒരു ദിശയിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഇങ്ങോട്ട് പറഞ്ഞാൽ എനിക്ക് അങ്ങോട്ട് തിരിച്ച് പറയാം. അതിനോടൊന്നും പ്രതികരിക്കേണ്ട കാര്യമില്ല. അന്നേ എന്നെ അതൊന്നും ബാധിച്ചില്ല.
ചെറിയ പ്രായത്തിലേ എനിക്ക് അച്ഛനെ നഷ്ടപ്പെട്ടു. മുത്തച്ഛനാണ് എന്നെയും അമ്മയെയും വളർത്തിയത്. സാമ്പത്തികമായി നോക്കിയതും അവരാണ്. കുട്ടികാലത്ത് ആരും തന്നെ സ്വാധീനിച്ചിട്ടില്ല. ജീവിതമാണ് തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്. ആളുകൾ നൽകിയ അനുഭവങ്ങളുടെ അത്രയൊന്നും ആരും തന്നെ സ്വാധീനിച്ചിട്ടില്ല. അച്ഛന്റെ മരണമടക്കം താൻ കടന്നുപോയിട്ടുള്ള അനുഭവങ്ങളാണ് തന്നെ രൂപപ്പെടുത്തിയത്” രഞ്ജിനി പറയുന്നു.”
എന്റെ അപ്പൂപ്പൻ നിരീശ്വരവാദിയും പുരോഗമനവാദിയുമാണ്. താരതമ്യേന വളരെ ഉദാരമനസ്കരുള്ള ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛൻ എയർഫോഴ്സിൽ നിന്നും വിരമിച്ചയാളാണ്. അതുകൊണ്ട് തന്നെ കുറെ നാടുകളിൽ പോയിട്ടുണ്ട്, പലവിടങ്ങളിലായി താമസിച്ചിട്ടുണ്ട്. അച്ഛൻ വളരെ ദേഷ്യക്കാരൻ ആയതുകൊണ്ട് തന്നെ എനിക്ക് ഭയങ്കര പേടി ആയിരുന്നു. എന്റെ ജീവിതത്തിൽ എനിക്ക് പേടി ഉണ്ടായിരുന്ന ഏക വ്യക്തി അച്ഛനായിരുന്നു. അച്ഛൻ ദേഷ്യപ്പെട്ടാൽ ഞാൻ കരയും. അച്ഛന്റെ ഒരുപാട് സ്വഭാവങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട്.” രഞ്ജിനി കൂട്ടിച്ചേർത്തു.