ആന്ധ്രാപ്രദേശിൽ നിന്നും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. സ്വന്തം മകളെ പീഡിപ്പിച്ച ബന്ധുവിനെ ഗൾഫിൽ നിന്നെത്തിയ അച്ഛൻ കൊലപ്പെടുത്തിയ സംഭവമാണിത്. അന്നമയ്യ സ്വദേശിയായ ആഞ്ജനേയ പ്രസാദാണ് 59 കാരനായ ബന്ധുവിനെ കൊലപ്പെടുത്തിയത്.
പ്രസാദും ഭാര്യ ചന്ദ്രകലയും കുവൈറ്റിലാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ പന്ത്രണ്ട് വയസ്സുള്ള മകൾ ചന്ദ്രകലയുടെ സഹോദരിയോടൊപ്പം അന്നമയ്യയിൽ താമസിക്കുകയായിരുന്നു. ഇവിടെ വച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്. ചന്ദ്രകലയുടെ ഭർത്താവിന്റെ പിതാവായ ആഞ്ജനേയലുവാണ് കുട്ടിയെ പീഡിപ്പിച്ചത്.
സംഭവം അറിഞ്ഞ ചന്ദ്രകല പൊലീസിനെ വിവരമറിയിച്ചെങ്കിലും കേസെടുക്കാതെ പ്രശ്നം പറഞ്ഞു തീർത്തതോടെ കുടുംബം നിരാശരായി. ഇതിനിടെയാണ് വിദേശത്തുനിന്നും പെൺകുട്ടിയുടെ അച്ഛൻ ആന്ധ്രയിലെത്തി കൊലപാതകം നടത്തിയത്. ഡിസംബർ 7ന് നാട്ടിലെത്തിയ പ്രസാദ് അന്നുതന്നെ ആഞ്ജനേയലുവിനെ കൊലപ്പെടുത്തി. പിന്നീട് കുവൈറ്റിലേക്ക് മടങ്ങിയ പ്രസാദ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ കുറ്റസമ്മതം നടത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
നേരത്തെ ആഞ്ജനേയലുവിന്റെ മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്രസാദിന്റെ കുറ്റസമ്മതം കൂടി ലഭിച്ചതോടെ അന്വേഷണം കൂടുതൽ ഊർജ്ജസ്വലമാക്കിയിരിക്കുകയാണ് പൊലീസ്. ഈ സംഭവം സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.