ക്ലാസ്സ്മുറിയെ വളക്കാപ്പ് വേദിയാക്കി വിദ്യാർത്ഥികൾ – സ്കൂളിൽ നടന്ന സംഭവം കണ്ടോ?

ക്ലാസ് മുറിയെ വളകാപ്പ് വേദിയാക്കി കുട്ടികൾ.
നാട്ടികയിലെ ക്ലാസ്മുറിയിൽ പുതിയൊരു ആചാരാനുഭവങ്ങളിൽ മുഴുകലായി മാറിയ സായാഹ്നം. വളകാപ്പ്;ആദ്യമായാണ് ഇങ്ങനെയൊരു വാക്ക് ഇന്നലെ വൈകീട്ട് കേട്ടത്. വൈകിക്കേൾക്കുന്ന വാക്കുകളുടെ കുറവുകൂടിയാണ് നാമെന്നറിയുന്ന നിമിഷങ്ങൾ.! പിന്നാലെ അപ്രതീക്ഷിതമായി വന്ന വാക്കുകൾ മിത്രങ്ങളാകുന്ന സന്ദർഭം.
വളകാപ്പ് ഗർഭിണികൾക്കുള്ള ചടങ്ങാണ്. ഏഴാം മാസം ഭർതൃവീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ ഏഴുകൂട്ടം മധുരപലഹാരങ്ങളുമായി പെൺവീട്ടുകാർ എത്തുന്ന ദിവസമാണ് വീടുകളിൽ ഈ ചടങ്ങ്. വീട് പൂക്കളും വർണങ്ങളും കൊണ്ടലങ്കരിച്ച് പെണ്ണിൻ്റെ കവിളിൽ അരച്ച മഞ്ഞളും ചന്ദനവും തൊട്ട് മധുരപലഹാരങ്ങൾ നൽകി കുപ്പിവളകൾ ഇട്ടുകൊടുക്കുന്ന ചടങ്ങ്. മലബാറിലൊക്കെ കൂട്ടിക്കൊണ്ടുപോക്ക്, വിളിച്ചോണ്ട്പോക്ക് തുടങ്ങിയ പേരുകളിലാണ് ഈ ചടങ്ങ്. പക്ഷേ ഈ വളകാപ്പ് എന്ന സവിശേഷ ചടങ്ങ് അവിടെയില്ല. ഇനിയുണ്ടാവുമെന്നുറപ്പ്. ഞങ്ങളുടെ നാട്ടിൽ നിന്ന് തൃശ്ശൂരിലും പാലക്കാടുമൊക്കെയായി പ്രണയം പകരുന്ന പുതുതലമുറ ഭാവിയിൽ ഈ ആനന്ദത്തെക്കൂടി ചേർത്തുപിടിച്ചേക്കാം.
വളൈകാപ്പ് എന്ന പേരിൽ അറിയപ്പെടുന്ന ഈ ആചാരം തമിഴരുടേതാണ്. അവരുടേത് സമീപകാല ചരിത്രമല്ല.നല്ല കുഞ്ഞുങ്ങളുണ്ടാവാൻ വളർത്തു പൂച്ചകൾക്കുവരെ വളകാപ്പ് നടത്താറുണ്ടവിടെ. കുടുംബാംഗങ്ങൾ ഗർഭിണിയുടെ കയ്യിൽ കുപ്പിവളകളണിയിക്കുമ്പോൾ അതിൻ്റെ ഇമ്പമുള്ള ശബ്ദം കേട്ട് വയറ്റിലുള്ള കുട്ടിക്ക് ആനന്ദമുണ്ടാകുമെന്ന വിചാരത്തിൽ നിന്നുണ്ടായ ആചാരം. ഒപ്പം ഈ ആനന്ദം സുഖപ്രസവത്തിലേക്കുകൂടി നയിക്കുമെന്ന അധിക വിശ്വാസവും. ചുരുക്കത്തിൽ അമ്മയുടെയും കുഞ്ഞിനെയും ആരോഗ്യത്തിന് വലിയ ചിലവില്ലാത്ത ഒരു കുപ്പിവളക്കിലുക്കം.!
നാട്ടിക ഫിഷറീസ് സ്കൂളിൽ താൽക്കാലികമായി ജോലിയിൽ പ്രവേശിച്ച ടീച്ചർക്ക് സയൻസ് ബാച്ചിലെ വിദ്യാർത്ഥികളാണ് ക്ലാസിൽ വളകാപ്പ് ചടങ്ങൊരുക്കിയത്. പൂക്കൾ നിറച്ച് വാഴയിലകൾ കൊണ്ട് ചുമരിനെ ഭംഗിപ്പെടുത്തിയതിനു ശേഷം ചുറ്റിലും കുട്ടികളെ നിർത്തി മധുര പലഹാരങ്ങൾ നൽകി ഓരോ ടീച്ചേഴ്സിനെയും കുട്ടികളെയും കൊണ്ട് വളകൾ കയ്യിലണിയിച്ച് മധുരമായ ഓർമ്മകൾ നിറച്ച ദിവസം.
വളകാപ്പിൻ്റെ ഒടുവിൽ വരാന്തയിൽ വന്ന് ക്ലാസിലേക്കെത്തി നോക്കിയ കൊമേഴ്സിലെ ഒരാൺകുട്ടി പ്രിൻസിപ്പാളിനോടു പറഞ്ഞ കമൻ്റിൽ എല്ലാവരും ചിരിച്ചു പിരിഞ്ഞു.
“ടീച്ചറേ അടുത്തവർഷം കൊമേഴ്സിനും കൂടി ഗർഭിണിയായ ഒരു ടീച്ചറെ നിയമിക്കണേ. അങ്ങനെയാണേൽ ഈ വളകാപ്പ് ഞങ്ങള് ഇതിലും പൊളിക്കൂട്ടാ…”

Leave a Comment