നമുക്കെല്ലാവർക്കും പ്രിയപ്പെട്ട ലാലേട്ടൻ സിനിമയുടെ കൂട്ടത്തിൽ തൂവാനത്തുമ്പികൾ എന്തായാലും കാണും. മോഹൻലാൽ പാർവ്വതി എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിലെ ഗാനങ്ങളും സൂപ്പർ ഹിറ്റ് ആയിരുന്നു. നിഷ്കളങ്കതയുടെ മുഖവുമായി ലാലേട്ടൻ തകർത്തഭിനയിച്ച സിനിമ മലയാളികൾ ആരും മറക്കാൻ വഴിയില്ല.
ഇപ്പോൾ സംവിധായകൻ ആനന്ദ് ഏകർഷി തൂവാനത്തുമ്പികള എന്ന സിനിമയെ വാനോളം പ്രശംസിക്കുകയാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഒരു സംവിധായകനിൽ നിന്നും ഇത്തരം അഭിപ്രായങ്ങൾ ഉയരുമ്പോൾ ആ സിനിമയിൽ ഉണ്ടായിരുന്നു കഥയുടെ മൂല്യവും അത് സൃഷ്ട്ടിച്ച കലാകാരന്മാർക്കും നല്ലൊരു സല്യൂട്ട് കൊടുക്കേണ്ടതാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
“ഞാൻ ഈ സിനിമ ഏകദേശം 200 തവണയെങ്കിലും കണ്ടുകാണും. എനിക്കത് ഒരു ബൈബിൾ പോലെയാണ്,” എന്ന് ആനന്ദ് ഏകർഷി പറഞ്ഞു. ഒരു സിനിമാ വിദ്യാർത്ഥിയുടെ കാഴ്ചപ്പാടിൽ നിന്നാണ് താൻ ഇത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ‘ബിഫോർ സൺസെറ്റ്’, “എറ്റേർണൽ സൺഷൈൻ ഓഫ് ദി സ്പോട്ട്ലെസ് മൈൻഡ്’, ‘നോട്ട്ബുക്ക്’ തുടങ്ങിയ അന്താരാഷ്ട്ര ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴും, പത്മരാജന്റെ സിനിമകളെക്കുറിച്ച് ലോകം ഇനിയും സംസാരിക്കാനിരിക്കുന്നതേയുള്ളൂ എന്ന് താൻ വിശ്വസിക്കുന്നതായി ആനന്ദ് ഏകർഷി പറഞ്ഞു. “തൂവാനത്തുമ്പികൾ പോലൊരു പ്രണയകഥ ഞാൻ എന്റെ ജീവിതത്തിൽ മറ്റൊരിടത്തും കണ്ടിട്ടില്ല,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
1987 ൽ ആണ് തൂവാനത്തുമ്പികൾ പുറത്തിറങ്ങുന്നത്. പദ്മരാജൻ സംവിധാനം ചെയ്ത സിനിമയുടെ സംഗീതം ചെയ്തിരിക്കുന്നത് പെരുമ്പാവൂർ ജി രവീന്ദ്രനാഥും ജോൺസൻ മാഷും ചേർന്നാണ്. ശങ്കരാടി, സുമലത, അശോകൻ, ബാബു നമ്പൂതിരി തുടങ്ങിയ താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു.