9 മാസങ്ങൾക്ക് ശേഷം ഇടിച്ചിട്ട കാർ കണ്ടെത്തി…പിടിക്കപ്പെടാതിരിക്കാൻ കാർ രൂപമാറ്റം വരുത്തി..

62 കാരിയെ മരണത്തിലേക്കും 9 വയസ്സുകാരിയെ കോമയിലേക്കും തള്ളിവിട്ട അപകടം ഉണ്ടാക്കിയ കാർ 9 മാസത്തിനുശേഷം പിടിയിലായ വിവരം ആണ് ഇപ്പോൾ പുറത്തുവരുന്നത്. കോഴിക്കോട് ജില്ലാ പോലീസ് മേധാവി (റൂറല്‍) നിധിന്‍രാജ് ഐ.പി.എസ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ വടകരയിൽ വെച്ച് നടന്ന അപകടത്തിൽ പുറമേരി സ്വദേശിയായ ഷജിൽ എന്നയാൾ ഓടിച്ചിരുന്ന KL 18 R 1846 എന്ന നമ്പർ കാർ ആണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.

ഫെബ്രുവരി 17നു ആയിരുന്നു സംഭവം. സംഭവത്തിൽ 62കാരി പുത്തലത് ബേബി എന്ന സ്ത്രീ മരിക്കുകയും അവരുടെ മകളുടെ മകൾ ദൃഷാന 9 വയസ്സുകാരി ഗുരുതരമായി പരിക്കേറ്റ് കോമ സ്റ്റേജിൽ ആവുകയും ചെയ്തു. ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം ആണ് ഇപ്പോൾ കണ്ടെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ കുറ്റകരമല്ലാത്ത നരഹത്യ ചുമത്തിയെന്നും പോലീസ് പറഞ്ഞു. കേസിനു വഴിത്തിരിവായത് ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതതാണെന്നും പോലീസ് പറഞ്ഞു.

അപകടം നടന്ന അടുത്ത മാസം പ്രതി വിദേശത്തേക്ക് കടന്നിരുന്നു. പ്രതിയെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. അശ്രദ്ധമായാണ് പ്രതി വാഹനം ഓടിച്ചതെന്നും, അപകടം നടന്നതിന് ശേഷം പിടിക്കപ്പെടാതിരിക്കാൻ കാർ രൂപമാറ്റം വരുത്തി എന്നുമാണ് റൂറൽ എസ് പി പറയുന്നത്.

രാത്രി 9 മണിക്ക് ബന്ധുവീട്ടിൽ പോകാൻ ബസ് കേറാൻ പോകവേ റോഡ് മുറിച്ചുകടക്കുമ്പോൾ ആണ് ഇവരെ കാർ ഇടിക്കുന്നത്. ദൃഷാന ബോധരഹിതയാവുകയും ‘അമ്മമ്മയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Leave a Comment