കാൻ ചലച്ചിത്രമേളയിൽ അഭിമാനപുരസ്സരം പ്രദർശിപ്പിച്ച ചിത്രമായ “ഓൾ വി ഇമേജിൻ ആസ് ലൈറ്റ്” അനവധി നല്ല അഭിപ്രായങ്ങൾ നേടിയിരുന്നെങ്കിലും ഇപ്പോൾ വിവാദത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്. ദിവ്യ പ്രഭ എന്ന നടിയുടെ നഗ്നരംഗമാണ് ഇപ്പോഴുള്ള വാർത്തയ്ക്ക് കാരണം. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. കനി കുസൃതിയും ദിവ്യപ്രഭയും ആണ് കേന്ദ്രകഥാപാത്രങ്ങൾ.
മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തിന്റെ പ്രതിഫലനമാണ് സോഷ്യൽ മീഡിയകളിൽ കാണുന്നതെന്നും എന്നാൽ ആ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടിയാണ് ആ രംഗങ്ങളിൽ അഭിനയിച്ചത് എന്നും ദിവ്യപ്രഭ പറഞ്ഞിരുന്നു. ആ ചിത്രം പൂർണ്ണമായും കാണുന്നവർക്ക് മനസ്സിലാകുമെന്നും ഒരു ക്ലിപ്പ് മാത്രം എടുത്ത് ഇത്തരം വാർത്തകളും ആരോപണനകളും പടച്ചുവിടുന്നതും ശെരിയല്ലെന്നാണ് ദിവ്യപ്രഭയുടെ വാദം.
സമൂഹമാധ്യമങ്ങളിൽ മോശം പരാമർശങ്ങൾ പ്രചരിക്കുന്നതിനെതിരെ divyaprabha ഇപ്പോൾ വീണ്ടും രംഗത്തുവന്നിരിക്കുകയാണ്. “സ്ക്രീനിലാണെങ്കിലും നേരിട്ടാണെങ്കിലും സ്ത്രീശരീരത്തെ ആസക്തിയോടെ മാത്രം നോക്കാനാണ് പല മലയാളികൾക്കും താല്പര്യം,” എന്ന് അവർ പറഞ്ഞു. ചിത്രത്തിലെ സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഒരു ഇന്റിമസി സീനിന്റെ പേരിൽ പരസ്യവിചാരണ ചെയ്യപ്പെടുമെന്ന് താൻ മുൻകൂട്ടി അറിഞ്ഞിരുന്നതായും, എന്നാൽ ഉറച്ച ബോധ്യത്തോടെയാണ് ആ രംഗം അഭിനയിച്ചതെന്നും അവർ വ്യക്തമാക്കി.
“ഓസ്കർ പുരസ്കാരം നേടുന്ന ചിത്രങ്ങളിൽ വിദേശ താരങ്ങൾ ഇത്തരം രംഗങ്ങൾ അവതരിപ്പിച്ചാൽ ഒരു പ്രശ്നവുമില്ല. എന്നാൽ ഒരു മലയാളി പെൺകുട്ടി ഈ രംഗം അഭിനയിച്ചു എന്നതാണ് ഇവരുടെ പ്രശ്നം,” എന്ന് ദിവ്യപ്രഭ കൂട്ടിച്ചേർത്തു. അഭിനയിക്കുന്നതിനു മുമ്പ് താൻ കുടുംബാംഗങ്ങളുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നതായും, മറ്റാരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ലെന്നും അവർ പറഞ്ഞു. “സിനിമയിലെ ക്ലിപ്പ് ഫോർവേഡ് ചെയ്യുന്നവർക്ക് ഞാൻ ഒരു ഒബ്ജക്ട് മാത്രമാണ്. ഒരു ആർട്ടിസ്റ്റായി എന്നെ അംഗീകരിക്കാൻ അവർക്കു കഴിയുന്നില്ല,” എന്നും ദിവ്യപ്രഭ കുറ്റപ്പെടുത്തി.