ദുബായിൽ ഭാഗ്യം മലയാളിക്ക് – ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ സമ്മാനത്തുക കേട്ടോ

ദുബായിയിലെ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ പലപ്പോഴും ഇന്ത്യക്കാര്‍ക്കാണ് സമ്മാനം ലഭിക്കുന്നത്. അതില്‍ തന്നെ ഭൂരിഭാഗം തവണയും മലയാളികളെ തേടിയാണ് ഭാഗ്യമെത്താറുള്ളത്. മലയാളികൾ ഏറ്റവും കൂടുതൽ ഉള്ളതിനാലും, ഭാഗ്യക്കുറി നറുക്കെടുപ്പിൽ മലയാളികൾ എന്നും ഭാഗ്യം പരീക്ഷിക്കുന്നതിനാലുമാവാം കാരണം. ഇപ്പോഴിതാ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയറില്‍ ഒരു ലക്ഷം ഡോളര്‍ സമ്മാനമായി നേടിയിരിക്കുകയാണ് ഒരു മലയാളി. കണ്ണൂര്‍ സ്വദേശിയായ വിനോദ് പുതിയപുരയില്‍ ആണ് ഈ ഭാഗ്യവാന്‍. ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയുടെ പ്രസവം അടുത്തിരിക്കെയാണ് വിനോദിനെ തേടി ഭാഗ്യദേവതയുടെ കടാക്ഷമെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഒരു ലക്ഷം ഡോളർ എന്നാൽ എടദേശം 85 ലക്ഷത്തോളം രൂപയാണ് സമ്മാനമായി ലഭിക്കുക. ഡിനാറ്റയിലെ എക്യുപ്‌മെന്റ് ഓപ്പറേറ്ററാണ് 29 കാരനായ വിനോദ്. നവംബര്‍ 30 ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിനോദ് പുതിയപുരയില്‍ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ സീരീസ് 483 ല്‍ തന്റെ ഭാഗ്യം പരീക്ഷിച്ചത്. 1880 ആയിരുന്നു ടിക്കറ്റ് നമ്പര്‍. ‘ദുബായ് ഡ്യൂട്ടി ഫ്രീയില്‍ നിന്ന് കോള്‍ വരുമ്പോള്‍ ഞാന്‍ ഡ്രൈവ് ചെയ്യുകയായിരുന്നു. അവര്‍ എന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ഞങ്ങള്‍ എടുത്ത ടിക്കറ്റ് സമ്മാനത്തിന് അര്‍ഹമായി അവര്‍ എന്നോട് പറയുന്നതുവരെ എന്തിനാണ് എന്റെ വിശദാംശങ്ങള്‍ തേടുന്നത് എനിക്ക് അറിയില്ലായിരുന്നു,’ വിനോദ് പറയുന്നു.

ഇപ്പോഴും തനിക്ക് ഇക്കാര്യങ്ങളൊന്നും വിശ്വസിക്കാനാകുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നാല് വര്‍ഷമായി സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയറില്‍ വിനോദ് പങ്കെടുക്കാറുണ്ട്. എല്ലാ മാസവും പത്തോളം പേരാണ് വിനോദിന്റെ ഗ്രൂപ്പില്‍ നിന്ന് ടിക്കറ്റ് വാങ്ങുന്നത്. സമ്മാനം നേടിയ വിജയം കൂട്ടുകാരെ വിളിച്ച് അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

അവരെല്ലാം ആവേശഭരിതരാണ് എന്നും വിനോദ് പറഞ്ഞു. 50 ദിര്‍ഹം, 100 ദിര്‍ഹം എന്നിങ്ങനെ പിരിവിട്ടാണ് ടിക്കറ്റ് വാങ്ങാറുള്ളത്. ഇത്തവണ തന്റെ ടിക്കറ്റിന്റെ വിഹിതം അനുസരിച്ച് തനിക്ക് ഒരു ലക്ഷം ഡോളര്‍ (367300 ദിര്‍ഹം) ലഭിക്കും എന്ന് വിനോദ് കൂട്ടിച്ചേര്‍ത്തു. നാല് സംഘങ്ങളുടെ ഭാഗമായി ടിക്കറ്റ് എടുക്കാറുണ്ട് എന്നാണ് വിനോദ് പുതിയപുരയില്‍ പറയുന്നത്. എല്ലാ മാസവും 300 ദിര്‍ഹത്തില്‍ കൂടുതല്‍ ടിക്കറ്റിനായി വിനോദ് ചെലവഴിക്കാറുണ്ട്.

ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യ ഇന്ത്യയിലാണെന്ന് വിനോദ് പറഞ്ഞു. ‘ഞാന്‍ വിജയത്തെക്കുറിച്ച് അവളോട് പറഞ്ഞു. അവള്‍ സന്തോഷത്തോടെ കരയാന്‍ തുടങ്ങി. ഇത് ഞങ്ങളുടെ ജനിക്കാനിരിക്കുന്ന കുഞ്ഞിന് നേരത്തെ ലഭിച്ച സമ്മാനമാണ്,’ അദ്ദേഹം പറഞ്ഞു. സമ്മാനത്തുക എങ്ങനെ ചെലവഴിക്കണം എന്ന് ആലോചിക്കാനും വിജയം ആഘോഷിക്കാനും ദുബായ് ഡ്യൂട്ടി ഫ്രീ ഓഫീസില്‍ ഒത്തുകൂടാന്‍ വിനോദും കൂട്ടരും പ്ലാന്‍ ചെയ്യുന്നുണ്ട്.

Leave a Comment