ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് അവതരണ ഗാനം പഠിപ്പിക്കാൻ 5 ലക്ഷം രൂപ ചോദിച്ച ഒരു പ്രമുഖ നദിയെ വിമർശിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. 1600 ഓളം കുട്ടികൾ പങ്കെടുക്കുന്ന അവതരണഗാനം പഠിപ്പിക്കാൻ ഇത്രേം വലിയ തുക ചോദിച്ചത് വേദനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. സ്കൂൾ കലോത്സവത്തിലൂടെ വളർന്നുവന്ന കലാകാരിയായിട്ടുകൂടി ഇങ്ങനെ ചോദിച്ചത് വിഷമം ഉണ്ടാക്കി.
“ഇത്രയും വലിയ തുക നൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു. സാമ്പത്തിക മോഹമില്ലാത്ത നിരവധി നൃത്താദ്ധ്യാപകർ നമുക്കുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്,” മന്ത്രി കൂട്ടിച്ചേർത്തു. സ്കൂൾ കലോത്സവം വഴി മികച്ച കലാകാരിയായി വളർന്ന് വന്നു സിനിമയിൽ വലിയ നിലയിലെത്തിയ ചില നടിമാർ കേരളത്തോട് അഹങ്കാരം കാണിക്കുന്നതായും അദ്ദേഹം വിമർശിച്ചു.
നടിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല. 47 ലക്ഷത്തോളം വരുന്ന സ്കൂൾ കുട്ടികളോട് അഹങ്കാരം കാണിച്ചതായി അദ്ദേഹം ആരോപിച്ചു. “ഇത്തരക്കാർ പിൻതലമുറയ്ക്ക് മാതൃകയാകേണ്ടവരാണ്. എന്നാൽ കുറച്ച് സിനിമയും കുറച്ച് കാശും കിട്ടിയപ്പോൾ കേരളത്തോട് ഇവർ അഹങ്കാരം കാണിക്കുകയാണ്,” എന്ന് മന്ത്രി കുറ്റപ്പെടുത്തി. ഈ സംഭവം കേരളത്തിലെ കലാരംഗത്തെയും വിദ്യാഭ്യാസ മേഖലയെയും സംബന്ധിച്ച് ഗൗരവമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.