താലിബാനെ പരസ്യമായി എതിർത്ത് രംഗത്ത് വന്നിരിക്കുകയാണ് ലോകോത്തര സ്പിൻ മാന്ത്രികൻ റാഷിദ് ഖാൻ. വിദ്യാഭ്യാസവും മെഡിക്കൽ സ്ഥാപനങ്ങളിലും സ്ത്രീകളെ വിളിയാക്കിയ നടപടിക്കെതിരെയാണ് റാഷിദ് തന്റെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഈ തീരുമാനം അഫ്‌ഗാനിസ്ഥാന്റെ ആരോഗ്യ മേഖലയെയും സമൂഹത്തിന്റെ വിശാലമായ ഘടനയെയും തകർക്കുമെന്ന് താരം അഭിപ്രായപ്പെട്ടു. എക്സിൽ പോസ്റ്റ് ചെയ്താണ് അദ്ദേഹം വിമർശനം രേഖപ്പെടുത്തിയത്. ഇസ്ലാമിക വിദ്യാഭ്യാസത്തിന് വലിയ പ്രധാന്യമാണ് ഉള്ളതെന്നും സ്ത്രീ പുരുഷന്മാരുടെ തുല്യമായ ആത്മീയ മൂല്യത്തെ കുറിച്ചും ഖുറാനിൽ എടുത്തു പറയുന്നുണ്ടെന്ന് റാഷിദ് ഖാൻ സമൂഹമാധ്യമത്തിൽ കുറിച്ചു. സീനിയർ താരം മുഹമ്മദ് നബിയും താലിബാൻ ഭരണകൂടത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി.
2020 അഗസ്റ്റിൽ ആണ് താലിബാൻ ഭരണകൂടം അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുക്കുന്നത്. അന്നുമുതൽ 7 ആം ക്ലാസ് മുതലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കിയിരുന്നു താലിബാൻ. പ്രാഥമിക വിധ്യാബ്യാസം മാത്രം മതി എന്ന നിലപാടിൽ ആയിരുന്നു താലിബാൻ. പബ്ലിക് സ്ഥാപനങ്ങളായ പാർക്കിലും ജിമ്മിലൊന്നും സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നില്ല. സ്ത്രീകളുടെ സ്വാതന്ത്ര്യം തടഞ്ഞില്ല ഇത്തരം തീരുമാനങ്ങളെ സധൈര്യം എതിർത്ത് മുന്നോട്ട് വന്നിരിക്കുകയാണ് താരം.
റഷീദ് ഖാൻ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെയാണ്.
‘‘ഇസ്ലാമിക പഠനങ്ങളിൽ വലിയ പ്രാധാന്യം നൽകുന്ന ഒന്നാണ് വിദ്യാഭ്യാസം. സ്ത്രീ- പുരുഷഭേദമന്യേ എല്ലാവർക്കും അറിവ് വളരെ പ്രധാനപ്പെട്ടതാണെന്നാണ് ഇസ്ലാം മതം പഠിപ്പിക്കുന്നത്. ഖുറാനിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്ത്രീ-പുരുഷൻമാരുടെ തുല്യമായ ആത്മീയ മൂല്യത്തെക്കുറിച്ചും എടുത്ത് പറയുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിലക്കേർപ്പെടുത്തിയ താലിബാൻ ഭരണകൂടത്തിന്റെ നയത്തെ ഏറെ വേദനയോടും നിരാശയോടെയുമാണ് ഞാൻ നോക്കി കാണുന്നത്”.
“അമ്മമാരും സഹോദരിമാരും അടങ്ങുന്ന സ്ത്രീകളുടെ ഭാവിയെ മാത്രമല്ല, ഈ നീക്കം അഫ്ഗാൻ ജനതയുടെ വിശാലമായ ഘടനയെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഈ നീക്കത്തിനെതിരെ അവർ പങ്കുവയ്ക്കുന്ന ഓരോ ചെറിയ കാര്യവും വേദനയും നിരാശയും മാത്രമല്ല, അവർ അനുഭവിക്കുന്ന വെല്ലുവിളികൾ കൂടിയാണ്”.
“വളരെ നിർണായകമായ ഒരു ദശാസന്ധിയിലാണ് അഫ്ഗാനിസ്ഥാൻ ഇപ്പോഴുള്ളത്. ഈ രാജ്യത്തിന് മെഡിക്കൽ രംഗം ഉൾപ്പെടെയുള്ള എല്ലാമേഖലകളിലും വിദഗ്ധന്മാരെ ആവശ്യമുണ്ട്. മാതൃരാജ്യത്തെ ആരോഗ്യരംഗം വളരെ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വനിതാ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവ് ഗുരുതരമായ പ്രശ്നം തന്നെയാണ്. സ്ത്രീകളുടെ അന്തസിനെയും രാജ്യത്തെ ആരോഗ്യ സംവിധാനത്തെയും അത് ഒരുപോലെ ബാധിക്കുന്നു”.
‘‘ അമ്മമാർക്കും സഹോദരിമാർക്കും മെഡിക്കൽ രംഗത്ത് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പിൻവലിക്കേണ്ടത് പ്രധാനമാണ്. വിലക്ക് പ്രഖ്യാപിച്ച ഭരണകൂടത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് എന്റെ അഭ്യർത്ഥന. വിലക്ക് പിൻവലിച്ചാൽ അഫ്ഗാനിലെ പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം നേടാനും അതുവഴി രാജ്യത്തിന്റെ പുരോഗതിക്കായി വലിയ സംഭാവനകൾ നൽകാനും കഴിയും. എല്ലാവർക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടത് സാമൂഹിക ഉത്തരവാദിത്തം മാത്രമല്ല, നമ്മുടെ വിശ്വാസത്തിൽ അധിഷ്ഠിതമായ ധാർമിക കടമ കൂടിയാണ്”.
താരത്തിന് പിന്തുണയുമായി നിരവധിപ്പേർ ആണ് രംഗത്തെത്തിയിരിക്കുന്നത്.
🤲🏻🤲🏻🇦🇫🇦🇫 pic.twitter.com/rYtNtNaw14
— Rashid Khan (@rashidkhan_19) December 4, 2024