ഐ പി എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവൻഷി. ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തത് വലിയ വാർത്തയായിരുന്നു, എന്നാൽ ഇപ്പോഴിതാ 1.1 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയിരിക്കുകയാണ്. പ്രതിഭകളെ വാർത്തെടുക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന ടീം ആണ് രാജസ്ഥാൻ. വെറും 13 വയസ്സ് മാത്രം പ്രായമുള്ള പയ്യൻ ലേലത്തിന് വേണ്ടി പേര് രജിസ്റ്റർ ചെയ്തത് തന്നെ പലരും അമ്പരപ്പോടെയായിരുന്നു നോക്കിക്കണ്ടിരുന്നത്.
ബീഹാർ സ്വദേശിയാണ് വൈഭവ്. ഇതിനോടകം തന്നെ പല റെക്കോർഡുകളും സ്വന്തമാക്കിയിട്ടുണ്ട് ഈ കുട്ടിക്രിക്കറ്റെർ. 30 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന വൈഭവ് നെ സ്വന്തമാക്കാൻ ഡൽഹിയും തുടക്കം മുതൽ ഉണ്ടായിരുന്നു. അവസാനം 1.1 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കുകയായിരുന്നു. പ്രായം കുറഞ്ഞ ഈ താരത്തിന്റെ ഐ പി എൽ പ്രവേശനം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. അഭിനന്ദിച്ചുകൊണ്ട് ധാരാളം കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
2008 ൽ ആദ്യ ഐ പി എൽ നടക്കുമ്പോൾ വൈഭവ് ജനിച്ചിട്ടുപോലുമില്ല. 2011 ൽ ആണ് ജനനം. വലംകൈയാണ് ബാറ്ററായ വൈഭവ് ബൗളിങ്ങും ചെയ്യും. രഞ്ജി ട്രോഫി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും വൈഭവ് തന്നെ. 12 ആം വയസ്സിൽ ബീഹാറിന് വേണ്ടിയായിരുന്നു അരങ്ങേറ്റം. അതിനുശേഷം അണ്ടർ 19 ടീമിൽ എത്തിയ താരം ഓസ്ട്രേലിയയ്ക്ക് എതിരെ ഉഗ്രൻ സെഞ്ച്വറി കരസ്ഥമാക്കിയിട്ടുണ്ട്. വെറും 58 പന്തിൽ ആയിരുന്നു വൈഭവന്റെ സെഞ്ച്വറി.